ട്രാക്ടറും മോട്ടോറും അലിക്ക് അന്യം

Posted on: 28 Jul 2011

സി.കെ. ശശി ചാത്തയില്‍





പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂര്‍ മാനം കണ്ടത്തില്‍ അലി കാല്‍നൂറ്റാണ്ടായി പരമ്പരാഗത കൃഷിരീതി പിന്തുടരുന്നു. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ എത്തിയിട്ടും അലി ഇന്നും പാടത്ത് കാളകളെ ഉപയോഗിച്ചാണ് നിലം ഉഴുതുമറിക്കുന്നത്.

തെങ്ങിനും കവുങ്ങിനും എന്നുവേണ്ട എല്ലാ കൃഷിക്കും നനയ്ക്കുന്നത് കാളത്തേക്ക്. മോട്ടോര്‍ ഉള്‍പ്പെടെയുള്ള പമ്പുസെറ്റുകള്‍ വരുന്നതിന് എത്രയോ മുമ്പുള്ള ജലസേചനമാര്‍ഗമാണ് കാളത്തേക്ക്.

ഏഴ് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. വേനല്‍ക്കാലത്ത് ഇത്രയും സ്ഥലത്ത് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ജൈവവളം മാത്രം ഉപയോഗിക്കുന്നതിനാല്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കെല്ലാം ആവശ്യക്കാരുമുണ്ട്. ഇത്തവണ കണിവെള്ളരിയും കൂടുതലായി കൃഷി ചെയ്തിരുന്നു.

ഒരു ഏക്കര്‍ വരുന്ന സ്ഥലത്ത് തെങ്ങ്, കവുങ്ങ്, നാടന്‍ വാഴ എന്നിവയുമുണ്ട്. ഇതിനുപുറമെ 300 നേന്ത്രവാഴകളും കൃഷി ചെയ്യുന്നുണ്ട്. പാരമ്പര്യ കര്‍ഷക കുടുംബത്തിലെ അംഗമായതിനാല്‍ ചെറുപ്പം മുതല്‍തന്നെ കാര്‍ഷികരംഗത്ത് എത്താന്‍ കാരണമായി. സ്വന്തമായി വളര്‍ത്തുന്ന കാളകളെ ഉപയോഗിച്ചാണ് കൃഷിപ്പണി ചെയ്യുന്നത്. ചാണകം, പച്ചിലവളം, ക്ഷാരം എന്നിവയാണ് കൃഷിക്ക് വളമായി ഇടുന്നത്. കൃഷിഭവന്റെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ്, ചൈതന്യ സാംസ്‌കാരികകേന്ദ്രത്തിന്റെ ഗ്രാമശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 9744149065.



Stories in this Section