വേണം ഉപ്പ് പക്ഷിക്കും മൃഗത്തിനും
Posted on: 28 Jul 2011
ഡോ. പി.കെ. മുഹ്‌സിന്‍, താമരശ്ശേരി, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (എ.എച്ച്.)
കന്നുകാലികള്‍ക്ക് തയ്യാറാക്കുന്ന സാന്ദ്രീകൃതാഹാരത്തില്‍ ഒരു ശതമാനം എന്ന തോതില്‍ ഉപ്പ് ചേര്‍ത്തുവരുന്നു. മൃഗങ്ങളുടെ ശരീരത്തില്‍ വളരെ ചുരുങ്ങിയ തോതിലേ കറിയുപ്പ് സംഭരിക്കാറുള്ളൂ. തീരപ്രദേശത്ത് വളരുന്ന ചെടികളില്‍ മൃഗങ്ങള്‍ക്കാവശ്യമായ തോതില്‍ കറിയുപ്പുണ്ടായിരിക്കും. മേയാന്‍ വിടുന്ന മൃഗങ്ങള്‍ക്ക് മേച്ചില്‍ സ്ഥലങ്ങളില്‍ ഉപ്പ് കട്ടകള്‍ സൂക്ഷിക്കുന്നപതിവ് ചില രാജ്യങ്ങളില്‍ ചെയ്തുവരുന്നു.
തീറ്റയില്‍ ഉപ്പ് കുറവാണെങ്കില്‍ മൂത്രത്തിന്റെ ഉത്പാദനം പറ്റേ കുറയുന്നു. മൂത്രത്തില്‍ക്കൂടിയും കാഷ്ഠത്തില്‍ക്കൂടിയുമാണ് ഉപ്പ് വിസര്‍ജിക്കപ്പെടുന്നത്. പശു ഒരു കിലോഗ്രാം ഉപ്പ് തിന്നുകയാണെങ്കില്‍ അത് വിസര്‍ജിക്കുവാന്‍ 50 കിലോഗ്രാം വെള്ളം കുടിക്കേണ്ടിവരും.
രക്തപരിവാഹനവ്യൂഹത്തിലെ പ്രധാനപ്പെട്ട വസ്തുവാണ് സോഡിയം. കാര്‍ബണ്‍ ഡയോകൈ്‌സഡ് പരിവാഹനം, അമ്ലക്ഷാര തുലനാവസ്ഥ, ഹൃദയമിടിപ്പ്, നാഡീ, പേശീ വ്യൂഹത്തിന്റെ ഉത്തേജനശീലത എന്നിവ നിയന്ത്രിക്കുന്നത് സോഡിയമാണ്.
ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് അമ്ലം ഉത്പാദിപ്പിക്കുവാന്‍ ക്ലോറൈഡ് ആവശ്യമാണ്.
ഉപ്പ് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തുകയും ഉമിനീര്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഉപ്പിന്റെ അഭാവം മൂലം വിശപ്പില്ലായ്മ, മുരടിച്ച വളര്‍ച്ച, ശരീരതൂക്കം കുറയല്‍, പരുപരുത്ത രോമം, ക്രമം തെറ്റിയ ഹൃദയസ്പന്ദനം എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. കറവപ്പശുക്കളില്‍ ഉത്പാദനവും ശരീരതൂക്കവും കുറയുന്നു. കോഴികളിലാവട്ടെ ഉത്പാദനശേഷി കുറയുകയും പോരിനുള്ള പ്രവണത കൂടുകയും ചെയ്യുന്നു. ഒരു പ്രായപൂര്‍ത്തിയായ പശുവിന് ദിനംപ്രതി 50 ഗ്രാം ഉപ്പ് തീറ്റയില്‍ കലര്‍ത്തിക്കൊടുക്കാം.
ഉപ്പ് അധികമായാല്‍ അത് വിഷബാധയ്ക്ക് കാരണമാകും. പക്ഷിമൃഗാദികളില്‍ കോഴി, താറാവ്, പന്നി, ആട് എന്നിവയിലാണ് ഏറ്റവും വിഷബാധ കണ്ടുവരുന്നത്.
ആടുകളിലും പന്നികളിലും അരക്കിലോഗ്രാം ശരീരതൂക്കത്തിന് 2 ഗ്രാം എന്ന തോതില്‍ ഉപ്പ് നല്കുകയാണെങ്കില്‍ വിഷബാധ ഉണ്ടാകും. വേണ്ടത്ര വെള്ളം കുടിക്കാന്‍ കൊടുക്കുമ്പോള്‍ വിഷബാധ ഉണ്ടാക്കാന്‍ വേണ്ട ഉപ്പിന്റെ തോത് വര്‍ധിക്കുന്നു.
കോഴിക്കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍കൊടുക്കുന്ന വെള്ളത്തില്‍ ഉപ്പിന്റെ തോത് 0.25 ശതമാനത്തില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ കൊടുക്കുമ്പോള്‍ വളര്‍ച്ചക്കുറവും ഉത്പാദനക്കുറവും കണ്ടുവരുന്നു.
പന്നികളില്‍ സാധാരണയായി ഉപ്പ് വിഷബാധ ഉണ്ടാകുന്നത് ബേക്കറികളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ കൊടുക്കുന്നതുമൂലമാണ്.
ഉപ്പ് വിഷബാധയുടെ ലക്ഷണങ്ങള്‍ വിഷബാധയേറ്റ് രണ്ടുമണിക്കൂറിനുള്ളില്‍ കാണപ്പെടുന്നു. അസ്വസ്ഥതയാണ് ആദ്യം കാണപ്പെടുക.
വട്ടത്തിലുള്ള നടപ്പ്, മാംസപേശികളുടെ കോച്ചല്‍, വിറയല്‍, അമിതദാഹം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.