ഈ വര്‍ഷം വെറ്റിലകൃഷിക്ക് നല്ല കാലമായിരുന്നു. ഏറ്റവും കൂടുതല്‍ വില കിട്ടിയ സീസണ്‍. പാകിസ്താനിലേക്കുള്ള വെറ്റിലകൃഷിയുടെ കയറ്റുമതിയും ഈ വര്‍ഷം വര്‍ധിച്ചു. ഇതോടെ വെറ്റില കര്‍ഷകര്‍ ഈ രംഗത്ത് കൂടുതല്‍ സജീവമായി.
കേരളത്തില്‍ വെറ്റില കൃഷിക്ക് രണ്ടു സീസണാണുള്ളത്. എടവക്കൊടി, മെയ്, ജൂണ്‍. തുലാക്കൊടി-ആഗസ്ത്, സപ്തംബര്‍. കരപ്രദേശങ്ങളിലും നിലങ്ങളിലും വെറ്റിലകൃഷി ചെയ്യാം. തനി വിളയായും തെങ്ങ്, കമുക് തോട്ടങ്ങളില്‍ ഇടവിളയായും വെറ്റിലകൃഷി ചെയ്തുവരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കൃഷിക്ക് പറ്റിയതല്ല. ആണ്ടില്‍ 200 സെ.മീറ്റര്‍ മുതല്‍ 400 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുന്ന പ്രദേശം കൃഷിക്ക് വളരെ അനുയോജ്യമാണ്.
അരിക്കൊടി, തുളസി, വെണ്‍മണി, കല്‍ക്കൊടി എന്നിവയാണ് പ്രധാന ഇനങ്ങള്‍. നിലം നന്നായി കിളച്ച് 10-15 മീറ്റര്‍ നീളവും 75 സെന്റിമീറ്റര്‍ ആഴവുമുള്ള ചാലുകള്‍ ഒരു മീറ്റര്‍ അകലത്തില്‍ തയ്യാറാക്കണം. ഇതില്‍ ചാരം, ജൈവവളം, പച്ചില എന്നിവ ചേര്‍ത്ത് ഇളക്കണം. നല്ലതുപോലെ ഇലകള്‍ വിരിയുന്നതും 2-3 വര്‍ഷം പ്രായമുള്ളതുമായ കൊടിയുടെ മുകളറ്റത്തുള്ള ശിഖരങ്ങളാണ് നടാന്‍ ഉപയോഗിക്കേണ്ടത്. നല്ല ആരോഗ്യമുള്ള വള്ളിത്തണ്ടുകള്‍ ഒരു മീറ്റര്‍ നീളത്തിലാണ് മുറിച്ചെടുക്കേണ്ടത്. നിലം നന്നായി നനച്ചശേഷം കൊടികള്‍ തമ്മില്‍ 20 സെന്റിമീറ്റര്‍ അകലത്തില്‍ നടണം.
കൊടികള്‍ നട്ടശേഷം രണ്ടാഴ്ചയിലൊരിക്കല്‍ ചാലുകളില്‍ ചാരവും ഉണക്ക ഇലയും ചേര്‍ത്ത് ചാണകവെള്ളവും ഒഴിച്ചുകൊടുക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ വളപ്രയോഗം നടത്തണം. കൂടാതെ മാസത്തിലൊരിക്കല്‍ ശീമക്കൊന്ന, മാവില തുടങ്ങിയ ഇലകള്‍ ചവിട്ടിച്ചേര്‍ത്ത് കൊടുക്കണം. തടത്തില്‍ ശരിയായ ഈര്‍പ്പം വെറ്റിലക്കൊടിക്ക് ആവശ്യമാണ്. അതിനാല്‍ രാവിലെയും വൈകുന്നേരവും ജലസേചനം നടത്തണം. എന്നാല്‍ തടത്തില്‍ വെള്ളം കെട്ടിനില്ക്കരുത്. നട്ട് ഒരു മാസം കഴിയുമ്പോള്‍ കൊടി പടര്‍ത്താന്‍ തുടങ്ങാം. ഇതിനായി നാട്ടിയ മുളങ്കമ്പുമായി 15-20 സെന്റിമീറ്റര്‍ അകലത്തില്‍ പഴനാരുകൊണ്ട് ചെറുതായി ബന്ധിച്ച് പടര്‍ത്താവുന്നതാണ്. കൊടിയുടെ വളര്‍ച്ചയനുസരിച്ച് 15-20 ദിവസത്തിലൊരിക്കല്‍ മുളങ്കമ്പുമായി ചേര്‍ത്ത് കെട്ടിക്കൊടുക്കണം.
മൂന്നു മുതല്‍ ആറുമാസത്തിനുള്ളില്‍ കൊടിക്ക് ഒന്നരമീറ്റര്‍ ഉയരം വെക്കും. ഈ അവസരത്തിലാണ് വിളവെടുപ്പ് നടത്തേണ്ടത്. ഇല ഞെട്ടോടുകൂടി നുള്ളിയെടുക്കണം. മാസത്തില്‍ രണ്ടു തവണയോ ആഴ്ചയില്‍ ഒരിക്കലോ ഇല നുള്ളാവുന്നതാണ്. ഓരോ വിളവെടുപ്പിനുശേഷവും ജൈവവളം ചേര്‍ത്തുകൊടുക്കണം.