പി.ടി. സിറാജുദ്ദീന്‍
ഭൂപ്രദേശസൂചിക ലഭിച്ച പ്രസിദ്ധമായ മധ്യതിരുവിതാംകൂര്‍ ശര്‍ക്കരയെന്ന പതിയന്‍ ശര്‍ക്കര രുചിയാലും ഗുണത്താലും മേന്മയേറിയതാണ്. ഉപ്പുരുചിയും മാലിന്യങ്ങളുമില്ലാതെ തരിതരിയായും കുഴമ്പ് രൂപത്തിലുമുള്ള ഈ ശര്‍ക്കര മധുരത്തിന്റെയും രുചിയുടെയും കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഔഷധനിര്‍മാണശാലകളില്‍ അരിഷ്ടത്തിലും തദ്ദേശീയര്‍ പലഹാരത്തിലും ഈ ഗുണമേന്മയേറിയ ശര്‍ക്കര ഉപയോഗിക്കുന്നു. പ്രദേശത്തുകാര്‍ പലരും പിന്‍വാങ്ങുമ്പോഴും നാല്പതുവര്‍ഷമായി ഈ മേഖലയില്‍ പരിചയമുള്ള ആലപ്പുഴ പാണ്ടനാട് നോര്‍ത്തിലെ കുളത്തിയില്‍ കണ്ടത്തില്‍ (ഫിലിപ്പ്ഭവന്‍) കെ.പി. ജോര്‍ജ് ഇപ്പോഴും കരിമ്പുകൃഷിയും ശര്‍ക്കര നിര്‍മാണവും തുടരുന്നു.
മേലേ കുട്ടനാട്ടില്‍ പമ്പയാറിന്റെ തീരത്ത് ഒരുകാലത്ത് കരിമ്പുതോട്ടം മാത്രമായിരുന്ന ഈ പ്രദേശത്തിന്റെ നല്ലൊരു ഭാഗം റോഡുകളും വീടുകളും മറ്റു വിളകളും കവര്‍ന്നപ്പോഴും അഞ്ചേക്കര്‍ നിലവും ചക്കും മറ്റു സംവിധാനങ്ങളും സ്വന്തമായുള്ളതിനാലാണ് പിടിച്ചുനില്ക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറയുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവ് വലിയ ഒരു പ്രതിസന്ധിയാണ്. എട്ടോളം തൊഴിലാളികള്‍ സ്ഥിരമായി വേണം. വിളവെടുപ്പിന് വൈകിയാല്‍പ്പോലും നീര് കുറയുന്നതുമൂലം ഉല്പാദനം കുറയും. പൂത്തുകഴിഞ്ഞാല്‍ ഉല്പാദനം നന്നേ കുറവായിരിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ തിരുവല്ലയിലെ കരിമ്പു ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള 'മാധുരി' ഇനമാണ് കൃഷി ചെയ്തത്. മികച്ച ഇനം കരിമ്പ് ഉപയോഗിക്കുന്നതിനാല്‍ പെട്ടെന്ന് പൂക്കുന്നില്ല എന്ന് ജോര്‍ജ് പറയുന്നു.
കൃഷി ചെയ്യുന്നത് റട്ടൂണ്‍ രീതിയിലായതിനാല്‍ ഒരിക്കല്‍ നട്ടാല്‍ വിളവെടുപ്പിനുശേഷം കുറ്റിയെടുക്കാതെ നിലനിര്‍ത്തും. പോളകളും മറ്റ് അവശിഷ്ടങ്ങളും പാടത്ത് കത്തിക്കും. ഇതൊരു പ്രധാന വളമായിത്തീരുന്നതിനു പുറമെ കീടനശീകരണത്തിനും രോഗാണുനാശീകരണത്തിനും സഹായിക്കുന്നു. മണ്ണിനടിയില്‍ നിലനില്ക്കുന്ന കുറ്റിയില്‍നിന്ന് പുതിയ തൈകള്‍ വരും. അവയെ പരിപാലിച്ച് വളര്‍ത്തും. മൂന്നുനാലു വര്‍ഷത്തേക്ക് നടീല്‍ നടത്താതെ ഇങ്ങനെ കൃഷിയിറക്കാം. ഫാക്ടംഫോസും പൊട്ടാഷും യൂറിയയും വളമായി നല്കുന്നു.
ഒന്‍പത് പത്തു മാസമാകുമ്പോള്‍ വിളവെടുപ്പിന് തയ്യാറാകും. ജനവരി-ഫിബ്രവരി മാസങ്ങളിലാണ് കത്തിയുപയോഗിച്ച് വെട്ടിയെടുക്കുന്നത്. പോളനീക്കിയ കരിമ്പ് ചക്കില്‍ ആട്ടി ചാര്‍ സിമന്റ് ടാങ്കില്‍ ശേഖരിക്കും. നാലര മണിക്കൂര്‍ നേരം വലിയ ചട്ടിയില്‍ തിളപ്പിച്ച് വെള്ളം വറ്റിച്ചാണ് ശര്‍ക്കര രൂപപ്പെടുത്തുന്നത്.
കത്തിക്കാനായി ഉപയോഗിക്കുന്നത് കരിമ്പുചണ്ടിതന്നെ. കരിമ്പിന്‍ചാര്‍ തിളയ്ക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഒഴിവാക്കും. ശര്‍ക്കരയായശേഷം തണുപ്പിച്ച് ടിന്നുകളില്‍ കോരിയൊഴിക്കും. ഫോണ്‍: 04792426824, 9446617123.