ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

കോട്ടയത്തെ പറത്താനത്തുള്ള എം.എം. ജോസഫെന്ന ഔസേപ്പച്ചന്‍ ജൈവകൃഷിയിലൂടെ നൂറുമേനി വിളയിക്കുകയാണ്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ പറത്താനം, 1500 അടി ഉയരമുള്ള പ്രദേശമാണ്. മണ്ണാഴം കുറഞ്ഞ ഭൂമിയും വേനലിലെ വരള്‍ച്ചയും ഇവിടത്തെ കൃഷി ദുഷ്‌കരമാക്കുന്നു. 36 വര്‍ഷം മുമ്പ് ഇവിടേക്ക് കുടിയേറിയ ഔസേപ്പച്ചന്‍ മൂന്നേക്കര്‍ ഭൂമിയില്‍ കുരുമുളകും തെങ്ങും കാപ്പിയുമാണ് ആദ്യകാലത്ത് കൃഷിചെയ്തത്.
ചുറ്റുപാടുള്ളവരൊക്കെ റബറിലേക്ക് ചുവടുമാറിയപ്പോള്‍ കൃഷിഭൂമിയില്‍ പകുതിയില്‍ ഭക്ഷ്യവിളകള്‍ മതിയെന്ന് ഔസേപ്പച്ചന്‍ തീരുമാനമെടുത്തു. അങ്ങനെ ഭാര്യ ചിന്നമ്മയുടെയും മകന്‍ വിനോദിന്റെയും സഹായത്തോടെ ജൈവരീതിയില്‍ത്തന്നെ ഒരു ഭക്ഷ്യകൃഷിത്തോട്ടം ഔസേപ്പച്ചന്‍ യാഥാര്‍ഥ്യമാക്കി. അങ്ങനെ പത്തുവര്‍ഷമായി ഒന്നര ഏക്കറോളം ഭൂമിയില്‍ സമ്പൂര്‍ണ ജൈവകൃഷി. ചരിഞ്ഞ ഭൂമിയില്‍ മണ്‍കയ്യാല തീര്‍ത്ത് മണ്ണൊലിപ്പു തടഞ്ഞിരിക്കുന്നു. കൂടാതെ രണ്ടു പടുതാക്കുളങ്ങളുണ്ടാക്കി മൂന്നുലക്ഷം ലിറ്ററോളം വെള്ളം സംഭരിച്ച് കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.
ജൈവവളത്തിന് മുഖ്യമായും മണ്ണിരക്കമ്പോസ്റ്റ്, ചാണകം, ആട്ടിന്‍കാഷ്ടം, ബയോഗ്യാസ് സ്ലറി, ജീവാമൃതം എന്നിവയെയാണ് ആശ്രയിക്കുന്നത്. ജീവാമൃതം വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന മികച്ച ജൈവവളമാണെന്ന് ഔസേപ്പച്ചന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുണ്ടാക്കാന്‍ 200 ലിറ്റര്‍ വെള്ളം ടാങ്കില്‍ നിറച്ച് അതില്‍ 10 കിലോഗ്രാം ചാണകം, നാലു ലിറ്റര്‍ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ശര്‍ക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതല്‍പ്പുറ്റിലെ മണ്ണ് എന്നിവ ചേര്‍ക്കുന്നു. കൂടാതെ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയും. തണലത്തുള്ള ടാങ്കില്‍ ഈ മിശ്രിതം സൂക്ഷിച്ച് ദിവസവും മൂന്നുതവണ ഇളക്കും. നാലുദിവസം കഴിഞ്ഞ് ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന കണക്കില്‍ നേര്‍പ്പിച്ച് വിളകള്‍ക്കു നല്‍കുന്നു.
പച്ചക്കറികളില്‍ വഴുതനയും കത്തിരിയുമാണ് മുഖ്യം. ഇവനട്ട് ഇടയ്ക്ക് മുതിര, പയര്‍ തുടങ്ങിയവ പാകുന്നു. ഇത് വളക്കൂറ് കൂട്ടാനുതകും. ഒപ്പം വിളവും നല്‍കും. മെച്ചപ്പെട്ട മൂന്ന് വഴുതനയിനങ്ങള്‍ ഔസേപ്പച്ചന്റെ കൃഷിയിടത്തില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. വഴുതനയ്ക്കുപുറമെ വെണ്ട, തക്കാളി എന്നിവയും വിളയിക്കുന്നു. യു.വി. ഫിലിം ഉപയോഗിച്ച് മഴമറയുണ്ടാക്കി കാബേജ്, ക്വാളിഫ്ലവര്‍, കാരറ്റ്, പെരുംജീരകം എന്നിവയും കൃഷി ചെയ്യുന്നുണ്ട്.നെറ്റ് ഉപയോഗിച്ച് ചരിഞ്ഞ പന്തല്‍ കെട്ടിയതിലാണ് കോവല്‍കൃഷി. പച്ചക്കറികള്‍ക്കൊക്കെ പ്രാദേശികമായിത്തന്നെ നല്ല പ്രിയമായതിനാല്‍ വിറ്റഴിക്കുന്നതൊരു പ്രശ്‌നമേയല്ല. ജൈവ പച്ചക്കറിയായതിനാല്‍ രുചി കൂടുതലെന്നതാണ് പ്രിയത്തിനു കാരണമെന്ന് ഔസേപ്പച്ചന്‍. അഞ്ഞൂറോളം ചാക്കുകളില്‍ മണ്ണും ചകിരിച്ചോറും നിറച്ച് മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി എന്നിവയൊക്കെ കൃഷിചെയ്യുന്നുണ്ട്.
ജീവാമൃതവും മറ്റും ഉപയോഗിക്കുന്നതിനാല്‍ വിളകള്‍ക്ക് കീടശല്യം കുറവാണെന്ന് ഔസേപ്പച്ചന്‍ വെളിപ്പെടുത്തി.
കൃഷിക്കൊപ്പം മൃഗപരിപാലനത്തിലും ഔസേപ്പച്ചനും കുടുംബവും ശ്രദ്ധപതിപ്പിക്കുന്നു. നാലു പശുക്കളെ വളര്‍ത്തുന്നതിലൂടെ പാലും ഒപ്പം കൃഷിക്കുള്ള ചാണകവും ജൈവവാതക പ്ലാന്റിനുള്ള ഇന്ധനവും ലഭിക്കുന്നുണ്ട്. ഇരുപതോളം കോഴികളും നാടന്‍ താറാവുകളും മുട്ടയിടുന്നതിനൊപ്പം കാഷ്ടമിട്ട് കൃഷിയിടത്തിലെ മണ്ണ് ഫലഭൂയിഷ്ഠമാക്കുന്നുണ്ട്. ഇവയ്ക്കുള്ള തീറ്റയ്ക്കായി ടാങ്കുകളില്‍ അസോള വളര്‍ത്തുന്നു. പടുതാക്കുളങ്ങളില്‍ മത്സ്യക്കൃഷിയുമുണ്ട്. പത്തോളം ഞൊടിയന്‍ തേനീച്ചപ്പെട്ടികള്‍ പറമ്പിന്റെ പലഭാഗത്തായി വച്ചിരിക്കുന്നു. കൂടാതെ ചിരട്ടമുറികള്‍ യോജിപ്പിച്ച് കൂടുണ്ടാക്കി അതില്‍ ചെറുതേനീച്ച വളര്‍ത്തുന്നുമുണ്ട്.
കൂട്ടിക്കല്‍ കൃഷി ഓഫീസര്‍ അമ്പിളിയാണ് ജൈവകൃഷിയില്‍ ഔസേപ്പച്ചനു വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത്. എം.എം. ജോസഫ് (9645235772).