ജതീഷ് പി.
പവിഴപ്പുറ്റുകളടങ്ങിയ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്നും കടല്‍മത്സ്യങ്ങളേയും മറ്റു ജീവികളേയും അനിയന്ത്രിതമായി ശേഖരിക്കുന്നത്, പരിസ്ഥിതിക്ക് വന്‍നാശമുണ്ടാക്കും. ലവണജല അക്വേറിയത്തില്‍ വളര്‍ത്തുന്ന ജീവികളില്‍ ഏറിയ പങ്കും, ഇന്നും സമുദ്രത്തില്‍ നിന്ന് നേരിട്ട് പിടിക്കുന്നവയാണ്. അതുകൊണ്ടുതന്നെ സമുദ്രജല അക്വേറിയങ്ങള്‍ സൂക്ഷിക്കുന്നതിലെ ദോഷഫലങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പരിസ്ഥിതിവാദികള്‍ കഴിഞ്ഞ കുറെ കാലങ്ങളായി ശ്രമിച്ചുവരുന്നു. സയനൈഡ് ഉപയോഗിച്ചും മറ്റും നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനരീതികള്‍ പവിഴപ്പുറ്റുകളിലെ സൂസാന്‍തെല്ലെ (zooxanthellae) കളെ നശിപ്പിക്കുകയും ബ്ലീച്ചിംഗ് (bleaching) എന്ന പ്രതിഭാസത്തിനിടയാക്കുകയും ചെയ്യും. ത്വരിതഗതിയിലുള്ള ബ്ലീച്ചിംഗ് മൂലം, കഴിഞ്ഞ ദശകത്തില്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പവിഴപ്പുറ്റുകള്‍ക്ക് വന്‍തോതിലുള്ള നാശമാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം, അക്വേറിയം ആവശ്യങ്ങള്‍ക്കായി ശുദ്ധജലാവാസവ്യവസ്ഥകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ഭൂരിഭാഗം ഹോബിയിസ്റ്റുകളും ഇപ്പോഴും ബോധവാന്മാരല്ല. 90 ശതമാനം ശുദ്ധജലഅക്വേറിയം മത്സ്യങ്ങളേയും കൃത്രിമസാഹചര്യങ്ങളില്‍ ഉത്പാദിപ്പിച്ചെടുത്താണ് വിപണിയിലെത്തിക്കുന്നത് എന്നതാകാം, ഇതിനൊരു കാരണം. മിച്ചം വരുന്ന 10 ശതമാനം മത്സ്യങ്ങളെ മാത്രമേ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്നും ശേഖരിക്കുന്നുള്ളുവെങ്കിലും, ഇവയില്‍ പലയിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ ശുദ്ധജലമത്സ്യങ്ങളുടെ വ്യാപാരത്തിലെ അവ്യക്തയേയും, അക്വേറിയം ഹോബിയിലേക്കായി നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനം നമ്മുടെ വര്‍ണ്ണമത്സ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനേയും കുറിച്ച്, രാജീവ് രാഘവനും സംഘവും ബയോളജിക്കല്‍ കണ്‍സെര്‍വേഷന്‍ (Biological Conservation) എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച പഠനം (Uncovering an obscuret rade : Threatened freshwater fishes and the aquarium pet markets. 2013) പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
2005 മുതല്‍ 2012 വരെ ഉദ്ദേശം 15 ലക്ഷത്തോളം ശുദ്ധജല അലങ്കാരമത്സ്യങ്ങളെ ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചുവെന്ന് ഈ ലേഖനത്തില്‍ പറയുന്നു. ഇതില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങള്‍ മാത്രം 30ഓളം ഇനങ്ങള്‍ വരുമത്രെ. വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സീബ്ര ലോച്ച് (Botia striata), പമ്പാ നദിയിലും മറ്റും കാണുന്ന കുള്ളന്‍ പഫര്‍ മത്സ്യം (Carinotetraodon travancoricus), ചെങ്കണിയാന്‍, ചോരക്കണിയാന്‍ എന്നൊക്കെ പേരുള്ള നമ്മുടെ സ്വന്തം 'മിസ്സ് കേരള' (Puntius denisonii, Puntius chalakkudiensis) തുടങ്ങിയവയെ ഈ കാലയളവില്‍ മാത്രം, ഏകദേശം 27 രാജ്യങ്ങളിലേക്ക് നാം കയറ്റുമതി ചെയ്തു. 2005 - 2012 കാലയളവില്‍ മാത്രം 3 ലക്ഷത്തിനു മേല്‍ മിസ്സ് കേരള മത്സ്യങ്ങളെയാണ് കയറ്റുമതി ചെയ്തത് ! വിമാനം വഴി കയറ്റി അയക്കുന്ന പെട്ടികളില്‍ ഇനം തിരിച്ച് പേരെഴുതുന്നത് വിരളമായതിനാലും, പിടിച്ചെടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും നല്ലൊരു ഭാഗം മത്സ്യങ്ങളും ചത്തുപോകാന്‍ ഇടവരുന്നതിനാലും, ഈ സംഖ്യ ഇതിലും കൂടാനാണ് സാദ്ധ്യത. ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്ന അലങ്കാരമത്സ്യങ്ങളില്‍ 60 ശതമാനത്തോളം മിസ്സ് കേരള മത്സ്യങ്ങളാണെന്നാണ്, പനങ്ങാട് ഫിഷറീസ് കോളേജിലെ ഡോ. അന്ന മേഴ്‌സിയും സംഘവും പ്രസിദ്ധീകരിച്ച ലേഖനം (Reproductive biology of Puntius denisonii (Day 1865) - an endemic ornamental cyprinid of the Western Ghats of India. 2013) സൂചിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന അന്താരാഷ്ട്രസ്ഥാപനങ്ങളില്‍ ഏറ്റവും ആധികാരികമായ IUCN (International union for conservation of nature) പുറത്തിറക്കുന്ന ചെമന്ന പട്ടിക (Red list) യില്‍, ജീവജാലങ്ങളെ വംശനാശസാദ്ധ്യതയനുസരിച്ച് തരംതിരിച്ചിരിക്കുന്നു. നമ്മുടെ സ്വന്തം മിസ്സ് കേരള അഥവാ റെഡ് ലൈന്‍ ടൊര്‍പിഡോ ബാര്‍ബ് (Puntius denisonii, Puntius chalakkudiensis) എന്ന സുന്ദരന്‍ മത്സ്യം ഈ പട്ടികയനുസരിച്ച് വംശനാശത്തിന്റെ വക്കിലാണ്. 1997ലെ അന്താരാഷ്ട്ര അലങ്കാരമത്സ്യപ്രദര്‍ശനത്തില്‍ (Aquarama) സമ്മാനം നേടിയതോടെ ഏഷ്യയിലേയും യൂറോപ്പിലേയും വിപണികളില്‍ ഈ മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായി. ഇതു പക്ഷെ മിസ്സ് കേരള മത്സ്യങ്ങളുടെ അനിയന്ത്രിത ചൂഷണത്തിലേക്കാണു നയിച്ചത്. 2008ല്‍ ഈ മത്സ്യങ്ങളെ ശേഖരിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും, ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് കാര്യമായ നിയന്ത്രണം കൊണ്ടുവന്നുവെങ്കിലും, മത്സ്യബന്ധനനിരോധനം സമയം തെറ്റി നടപ്പാക്കിയതിനാല്‍ പ്രജനനകാലത്തും മിസ്സ് കേരള മത്സ്യങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടിരിക്കാനാണ് സാദ്ധ്യത. നിരോധനകാലയളവിലെ കയറ്റുമതിയില്‍ 2009ല്‍ കാര്യമായ കുറവുണ്ടായെങ്കിലും, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതേ മാസങ്ങളില്‍ തന്നെ മിസ്സ് കേരള മത്സ്യങ്ങള്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നതായി കാണുന്നു. കേരളത്തില്‍ വിലക്കുണ്ടായിരുന്നതിനാല്‍ നമ്മുടെ നദികളില്‍ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങളെ, വിലക്കില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി അവിടത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ കയറ്റുമതി ചെയ്തിരുന്നുവെന്ന് വേണം കരുതാന്‍. മിസ്സ് കേരള മത്സ്യങ്ങളുടെ കയറ്റുമതിയില്‍ കൊച്ചി വിമാനത്താവളം ഒരു സുപ്രധാന പങ്ക് വഹിക്കുന്നതായി അറിയപ്പെടുന്നുണ്ടെങ്കിലും, 2005-2012 കാലയളവില്‍ ഇവിടെ നിന്നും ഒരു മിസ്സ് കേരളയെപ്പോലും കയറ്റി അയച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ശുദ്ധജലമത്സ്യങ്ങളെ കയറ്റുമതി ചെയ്യുമ്പോള്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താറില്ലാത്തതിനാലും, പെട്ടികളില്‍ ശരിയായ ലേബലുകള്‍ നല്കുക വിരളമായതിനാലും, ഈ കണക്ക് അപ്പാടെ വിശ്വസിക്കാന്‍ പ്രയാസമാണ്.
കയറ്റുമതി ചെയ്യപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളുടെ പട്ടികയില്‍പ്പെടാത്ത, വംശനാശഭീഷണി നേരിടുന്ന പലയിനം മത്സ്യങ്ങളേയും വിദേശങ്ങളിലെ അക്വേറിയം കടകളില്‍ കാണാം. മിസ്സ് കേരള മത്സ്യങ്ങളെ കൂടുതലായി കയറ്റി അയക്കുന്നത് മലേഷ്യ, സിംഗപൂര്‍, ഹോങ്ങ് കോങ്ങ് എന്നി രാജ്യങ്ങളിലേക്കാണ് എന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും, യൂറോപ്പിലെ അക്വേറിയം കടകളില്‍ ഈ മത്സ്യങ്ങള്‍ സുലഭമാണ്. ജര്‍മ്മനിയിലെ ഒരു പ്രശസ്ത വിപണനശൃഖലയില്‍പ്പെട്ട അക്വേറിയം കടയില്‍ ധാരാളം മിസ്സ് കേരള മത്സ്യങ്ങളെ ഒരു വലിയ ടാങ്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഈ മത്സ്യങ്ങള്‍ എത്തുന്നതെന്ന് കടക്കാരി അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളാണ് ഇവയെന്നു പോലും അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്നും നേരിട്ടു പിടിച്ചെടുത്തവയാണോ അതോ കൃത്രിമ പ്രജനനത്തിലൂടെ വിപണിയില്‍ എത്തിച്ചവയാണോ എന്ന ചോദ്യത്തിനും അവര്‍ക്ക് ഉത്തരമില്ലായിരുന്നു. ചില ഏഷ്യന്‍ രാജ്യങ്ങളില്‍ മിസ്സ് കേരള മത്സ്യങ്ങളെ പ്രേരിത പ്രജനനത്തിനു വിധേയരാക്കി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുണ്ടെങ്കിലും മൊത്തം വിപണിയുടെ എത്ര ശതമാനം മത്സ്യങ്ങള്‍ ഇത്തരത്തില്‍ എത്തുന്നുണ്ട് എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങളില്ല. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഭയന്നു പോയതിനാലാകാം, വലിപ്പമുള്ള ടാങ്കില്‍ നന്നായി വളരാന്‍ പറ്റിയ സാഹചര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധരായ ഹോബിയിസ്റ്റുകള്‍ക്ക് മാത്രമേ മിസ്സ് കേരളകളെ തങ്ങള്‍ വില്‍ക്കാറുള്ളൂ എന്നായി കടക്കാരി. പക്ഷെ അല്പസമയത്തിനു ശേഷം അതേ കടയിലെ മറ്റൊരു സഹായി, ടാങ്കിന്റെ അളവോ മറ്റ് വിവരങ്ങളോ ചോദിക്കാതെ തന്നെ മത്സ്യങ്ങളെ വില്‍ക്കാന്‍ തയ്യാറായി!

മിസ്സ് കേരളയെപ്പോലെ ലോകത്തിലെ ഒരു പ്രത്യേക സ്ഥലത്ത് ഏതാനും കിലോമീറ്ററുകള്‍ മാത്രമുള്ള ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്ന (Endemic) മത്സ്യങ്ങള്‍ ഇന്ത്യയില്‍ വേറെയുമുണ്ട്. ഉദാഹരണത്തിന് 2005-2012 കാലയളവില്‍ ഇന്ത്യയില്‍ നിന്നും ധാരാളമായി കയറ്റി അയക്കപ്പെട്ട, വംശനാശ ഭീഷണി നേരിടുന്ന സീബ്ര ലോച്ച് (Botia striata) എന്ന മത്സ്യം, 400 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം കാണപ്പെടുന്നവയാണ്. വിദേശികള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു മത്സ്യമായ കല്ലു നക്കി (Garra hughi) യാകട്ടെ കേവലം 300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് കാണപ്പെടുന്നത്. ഇതിനൊക്കെ പുറമെ വാക വരാല്‍ (Channa aurantimaculata), പൂവാലന്‍ പരലുകളില്‍ ഈ അടുത്ത കാലത്തു മാത്രം കണ്ടെത്തിയ ഡോക്കിന്‍സിയ രോഹനി (Dawkinsia rohani) എന്നിവയടക്കം 30ഓളം വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ മത്സ്യങ്ങളെയും വിദേശ വിപണികളില്‍ കണ്ടെത്താനാകും.
മിക്കപ്പോഴും മത്സ്യങ്ങളുടെ പ്രത്യുല്പാദനശേഷിയല്ല, മറിച്ച് അവയുടെ അനിയന്ത്രിതമായ ശേഖരണമാണ് വംശനാശഭീഷണിക്ക് കാരണമാകുന്നത്. എന്‍ഡെമിക് ആയ മത്സ്യങ്ങളെ ചെറിയ തോതില്‍ ശേഖരിക്കുന്നതുപോലും ചിലപ്പോള്‍ പ്രായോഗികമല്ലെന്നു കാണാം. ഇത്തരം മത്സ്യങ്ങളെ എത്രയെണ്ണം വീതം ഒരു വര്‍ഷത്തില്‍ പിടിച്ചെടുക്കാമെന്നതിനു നിയന്ത്രണം കൊണ്ടുവരുന്നത് ഒരു പരിധി വരെ ഗുണം ചെയ്യും. കൂടാതെ, ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ശുദ്ധജലമത്സ്യവിപണിയില്‍ ശാസ്ത്രീയവും നിയമപരവുമായ ഇടപെടല്‍ അനിവാര്യമാണ്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ജലജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍, MPEDA (Marine Products Exports Development Authortiy) സൂക്ഷിക്കാറുണ്ടെങ്കിലും അതൊരു പൊതുവായ പട്ടികയുടെ രൂപത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. 'അലങ്കാരമത്സ്യങ്ങള്‍' എന്ന പൊതുവായ ലേബലില്‍ കയറ്റി അയക്കുന്നതിനു പകരം മത്സ്യങ്ങളുടെ ഇനം തിരിച്ചുള്ള പട്ടിക, അവ ഏതൊക്കെ ആവാസവ്യവസ്ഥകളില്‍ നിന്നും എപ്പോഴൊക്കെ ശേഖരിച്ചതാണ് തുടങ്ങിയ വിവരങ്ങളോടൊപ്പം സമഗ്രമായി സൂക്ഷിക്കുകയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇങ്ങനെ ചെയ്യുന്നതിലൂടെ തനതായ ആവാസവ്യവസ്ഥയില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന അലങ്കാരമത്സ്യങ്ങളുടെ ചൂഷണം ഒരു പരിധി വരെ തടയാം. പ്രകൃതിസമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ നിയമപരമായ അവ്യക്തതകള്‍ മുതലെടുത്തുകൊണ്ട് സംരക്ഷിത മേഖലകളില്‍ നിന്നും വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടിച്ചെടുത്ത് കൈമാറ്റം ചെയ്യുന്നത് നാം എന്തു വിലകൊടുത്തും തടഞ്ഞേ മതിയാകൂ.

ഒരു ആവാസവ്യവസ്ഥയിലെ ഏതെങ്കിലും പ്രത്യേകയിനം ജീവികളെ അനിയന്ത്രിതമായി പിടിച്ചെടുക്കുന്നത് ആ വ്യവസ്ഥയിലെ ജൈവവൈവിദ്ധ്യത്തെ മൊത്തമായി തകര്‍ക്കാനിടയുണ്ട്. ദൂരവ്യാപകഫലങ്ങള്‍ പലപ്പോഴും ഒറ്റനോട്ടത്തില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നു വരില്ല. സമുദ്രജലാവാസവ്യസ്ഥകളില്‍ നടത്തിയ ചില പഠനങ്ങള്‍ ഈ വസ്തുത ശരിവക്കുന്നവയാണ്. അതേസമയം നിയന്ത്രിത മത്സ്യബന്ധനരീതികളിലൂടെ, വംശനാശഭീഷണി വരുത്താതെ തന്നെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്നും മത്സ്യങ്ങളെ ശേഖരിക്കുന്ന രീതി ബ്രസീലിലെ ആമസോണ്‍ പോലെയുള്ള സ്ഥലങ്ങളില്‍ വിജയം കണ്ടിട്ടുണ്ട്. ഭൂമിയുടെ നിലനില്‍പ്പിനു കാരണമായ ഉഷ്ണമേഖലാ നിബിഢ വനപ്രദേശങ്ങളിലൊന്നായ ആമസോണ്‍ മേഖല, ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ്. ഈ വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹത്തെ, പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒരു പരിധി വരെ തടയുന്നത്, റിയൊ നെഗ്രോ, റിയൊ ഒറിനോകൊ എന്നീ നദികളിലെ കാര്‍ഡിനല്‍ ടെട്ര (Paracheirodon axelrodi) എന്ന കുഞ്ഞു വര്‍ണ്ണമത്സ്യങ്ങളാണ്. അന്താരാഷ്ട്രതലത്തില്‍ ഏറെ ആരാധകരുള്ള ഈ മത്സ്യങ്ങളെ പിടിച്ചെടുത്തു വില്‍ക്കുന്നത് ആമസോണിലെ സാധാരണക്കാരുടെ ജീവനോപാധിയായി മാറിയിരിക്കുന്നു. പ്രാകൃതിക സാഹചര്യങ്ങളില്‍ വര്‍ഷം തോറും ധാരാളമായി ഉണ്ടാകുന്ന കാര്‍ഡിനല്‍ ടെട്രകളെ പിടിച്ചെടുത്തു വില്‍ക്കുന്നതിലൂടെ, മാന്യമായ വരുമാനമുണ്ടാക്കുന്നവര്‍ ആമസോണിലെ ജൈവവൈവിദ്ധ്യമേഖലയെ അമിതചൂഷണം ചെയ്യുന്നതായോ, പരിസ്ഥിതിക്കിണങ്ങാത്ത കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
അനിയന്ത്രിതമായ ചൂഷണം പോലെ തന്നെ നമ്മുടെ ജലാവസവ്യവസ്ഥയെ നശിപ്പിക്കുന്ന മറ്റു കാരണങ്ങളാണ് പുഴമണല്‍ വാരല്‍, കീടനാശിനിയും അഴുക്കും കൊണ്ടുള്ള ജലമലിനീകരണം എന്നിവ. മനുഷ്യന്റെ അത്യാഗ്രഹത്തിനു മുന്‍പില്‍ പലപ്പോഴും പ്രകൃതിക്കും കീഴടങ്ങേണ്ടി വരുന്നു. വേനല്‍ക്കാലത്ത് 'വേഴാമ്പലുകളാ'യി മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മഴക്കാലത്ത് ജലസംരക്ഷണത്തിനോ, ജലാവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതിനോ ശ്രമപ്പെടാതിരിക്കുകയും ചെയ്യുന്ന കേരളത്തിന്റെ രീതി മാറ്റേണ്ടിയിരിക്കുന്നു.
ശുദ്ധജലവര്‍ണ്ണമത്സ്യങ്ങളെ വംശനാശത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അക്വേറിയം ഹോബിയിസ്റ്റുകളുടെ സഹകരണവും അത്യാവശ്യമാണ്. ഒരു ഹോബിയിസ്റ്റ് എന്ന നിലയില്‍ നമുക്ക് ചെയ്യാവുന്നത്, വര്‍ണ്ണമത്സ്യങ്ങളെ വാങ്ങുന്നതിനു മുന്‍പ് അവയുടെ ഉറവിടം ഏതെന്നു കൃത്യമായി മനസ്സിലാക്കുക എന്നതാണ്. പല അക്വേറിയം ഹോബിയിസ്റ്റുകളും കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തി വില്‍ക്കുന്ന വര്‍ണ്ണമത്സ്യങ്ങളെ മാത്രമേ വാങ്ങാറുള്ളു. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ സ്വന്തം അക്വേറിയത്തില്‍ വളര്‍ത്തി അഭിമാനിക്കണോയെന്ന് സ്വയം തീരുമാനിക്കുക.
നന്ദി: ഷാലിമ, ജി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://varnamaslyangal.blogspot.com/